സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കും, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും കടുത്ത വിമര്‍ശനം. തൃശൂര്‍ ലോക്സഭാ സീറ്റിലെ പരാജയത്തിന് കാരണം സിപിഎമ്മാണെന്ന ആരോപണവും സമ്മേളനത്തില്‍ ഉയര്‍ന്നു. എഡിജിപി എം.ആര്. അജിത് കുമാര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിര്‍ദേശപ്രകാരമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.
ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ മുഖ്യസ്തുതി പാഠകനാണ്. മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പാര്‍ട്ടി മന്ത്രിമാരില്‍ പലരും ദുര്‍ബലരാണ്. മുഖ്യമന്ത്രിയുടെ സ്തുതി പാടകരമായി മന്ത്രിമാര്‍ മാറിയിരിക്കുന്നു. പാര്‍ട്ടിയുടെ അസ്ഥിത്വം ഇവര്‍ ഇല്ലാതാക്കി. കൊല്ലം ജില്ലയില്‍ നിന്നുള്ള മന്ത്രി ചിഞ്ചു റാണിയുടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലുള്ള പ്രതികരണവും ഡാന്‍സും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയതായും സമ്മേളനത്തില്‍ വിമര്‍ശമനുയര്‍ന്നു.
കാലിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാത്ത സിപിഎമ്മുമായി പുനരേകീകരണം നടത്താനുള്ള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആവശ്യം ബാധ്യതയാകുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച സംസ്ഥാന സെക്രട്ടറിയുടെ നടപടി തെറ്റായിരുന്നുവെന്നും, അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിവെച്ചെന്നും വിമര്‍ശനമുയര്‍ന്നു. ബ്രാഞ്ചുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന നിര്‍ദേശം പ്രായോഗിക ബുദ്ധിയില്ലാത്തതാണെന്ന് വിമര്‍ശനം വന്നു. ഇത് ഏതെങ്കിലും തരത്തില്‍ തെറ്റായി നടന്നിരുന്നെങ്കില്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമായിരുന്നു എന്നും ചൂണ്ടിക്കാട്ടി.
‘ഭാരതാംബ വിവാദം’ കൊണ്ട് നാലര വര്‍ഷമായി ആര്‍ക്കുമറിയാതിരുന്ന ഒരു കൃഷി വകുപ്പ് മന്ത്രിയുണ്ടെന്ന് നാട്ടുകാരറിഞ്ഞു എന്നതായിരുന്നു ഏക ഗുണമെന്നും പരിഹസിച്ചു. പി.പി. സുനീറിനെ രാജ്യസഭാ സീറ്റിലേക്ക് അയച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി അദ്ദേഹത്തിന്റെ മതം പറഞ്ഞാണ് ന്യായീകരിച്ചതെന്നും ആരോപണമുയര്‍ന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. രാജയെ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി നവീകരിച്ച എം.എന്‍. സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുണ്ടായി. ഇത് ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ ലോക്കല്‍ സെക്രട്ടറിമാര്‍ ഉദ്ഘാടനം ചെയ്യുന്നതിന് തുല്യമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരാകുന്നവരെ മുന്‍പ് സംസ്ഥാന എക്സിക്യൂട്ടീവിലോ ദേശീയ കൗണ്‍സിലിലോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോഴത്തെ നടപടികള്‍ സംഘടനയെ ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനം വന്നു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ മറുപടി നല്‍കിയെങ്കിലും, സംസ്ഥാന നേതൃത്വത്തിനെതിരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.