GAZA| ഗാസയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍; ഭക്ഷണത്തിനായി കാത്തുനിന്ന 56 പേരുള്‍പ്പെടെ 92 പേര്‍ കൊല്ലപ്പെട്ടു

Jaihind News Bureau
Monday, August 4, 2025

ലോകസമ്മര്‍ദത്തിനിടയിലും ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍. സഹായം തേടിയെത്തിയ 56 പേരുള്‍പ്പെടെ 92 പേര്‍ കൂടി കൊല്ലപ്പെട്ടു. കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ പട്ടിണിമരണം അധികരിക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് ഇസ്രായേലിലെ മുന്‍ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച പകല്‍ ഭക്ഷണം കാത്തുനിന്ന 56 പേരെയാണ് ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നത്. വിവിധ ആക്രമണങ്ങളിലായി 36 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ ഒരു കുഞ്ഞടക്കം ഏഴുപേര്‍ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇതോടെ പട്ടിണിക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 175 ആയി. ഗസ്സയിലെ കുട്ടികള്‍ സഞ്ചരിക്കുന്ന മൃതദേഹങ്ങളാണെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി അധ്യക്ഷന്‍ ഫിലിപ്പ് ലസാറിനി അഭിപ്രായപ്പെട്ടു.

ഗാസയില്‍ അഞ്ചിലൊരു കുഞ്ഞും കൊടുംപട്ടിണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനിടെ ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ തങ്ങളുടെ പൗരന്മാരുമുണ്ടെന്ന് ഇസ്രായേലിനെ ഓര്‍മിപ്പിച്ച് കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ട ബന്ദിയുടെ വീഡിയോ തെല്‍ അവീവിന്റെ ഉറക്കം കെടുത്തുകയാണ്. തുരങ്കത്തിനുള്ളില്‍ സ്വന്തം ശവക്കുഴി ഒരുക്കുന്ന എവ്യതാര്‍ ഡേവിഡ് എന്ന ബന്ദിയുടെ ദൃശ്യം നടുക്കുന്നതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ബന്ദികള്‍ക്ക് ഉടന്‍ സഹായം എത്തിക്കാന്‍ ഇടപെടണമെന്ന് നെതന്യാഹു അന്താരാഷ്ട്ര റെഡ്‌ക്രോസ് മേധാവിയോട് ആവശ്യപ്പെട്ടു. ബന്ദികളെ പട്ടിണിക്കിടുക ലക്ഷ്യമല്ലെന്നും ലഭ്യമായത് അവര്‍ക്കും കൈമാറുന്നുണ്ടെന്നും ഹമാസ് പറഞ്ഞു. ദിശാബോധമില്ലാത്ത ഫലശൂന്യമായ യുദ്ധം ഉടന്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ട് നൂറോളം മുന്‍ ഇസ്രായേല്‍ പ്രതിരോധ, സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു. അതിനിടെ, ഇസ്രായേല്‍ മന്ത്രി ബെന്‍ ഗവിര്‍ പലസ്തീനില്‍ പ്രകോപന നപടികള്‍ തുടരുകയാണ്. ആയിരത്തിലേറെ ഇസ്രായേലികള്‍ക്കൊപ്പം മന്ത്രി ഇന്നലെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറി . മസ്ജിദ് സമുച്ചയത്തില്‍ നിയന്ത്രണവും അധികാരവും കടുപ്പിക്കുമെന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രസ്താവന അപകടകരമാണെന്ന് സൗദി അറേബ്യയും ജോര്‍ദാനും മുന്നറിയിപ്പ് നല്‍കി.