DR HARIS CHIRAKKAL| തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉപകരണ വിവാദം: ഡോ. ഹാരിസ് ചിറയ്ക്കല്‍ ഇന്ന് ഡിഎംഇക്ക് വിശദീകരണം നല്‍കും

Jaihind News Bureau
Monday, August 4, 2025

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണത്തില്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ ഇന്ന് ഡിഎംഇക്ക് വിശദീകരണം നല്‍കും. രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ഡോ ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഡോ ഹാരിസ് പറഞ്ഞിരുന്നു. യൂറോളജി വിഭാഗത്തിലെ മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായതില്‍ അന്വേഷണം വേണമെന്നാണ് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നത്. ഉപകരണം കാണാതായിട്ടില്ലെന്നും, മാറ്റിവച്ചതാണെന്നുമാണ് ഡോ ഹാരിസ് ആവര്‍ത്തിച്ച് വിശദീകരിക്കുന്നത്. അതേസമയം ഉപകരണം കാണാതായത് ആയുധമാക്കി ഹരിസിനെ കുരുക്കുവാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ നീക്കം പൊളിഞ്ഞിരുന്നു.

മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതാകുന്നത് രണ്ട് വര്‍ഷം മുന്‍പാണെന്നും ഈ കാലയളവില്‍ ഡോ. ഹാരിസ് ചുമതലയില്‍ പ്രവേശിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഹാരിസ് യൂറോളജി വിഭാഗം മേധാവിയായി ചുമതലയേറ്റത് ഒരു വര്‍ഷം മുന്‍പ് മാത്രമാണ്. ഇതോടെ സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ശുപാര്‍ശകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. ഹാരിസ് നേരത്തെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും കത്തുകള്‍ നല്‍കിയിരുന്നു. ഈ കത്തുകളില്‍ മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഉപകരണങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കത്തുകള്‍ കഴിഞ്ഞ മാര്‍ച്ചിലും ജൂണിലുമാണ് നല്‍കിയത്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കേണ്ടി വന്നതെന്ന് ഡോ. ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.