എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെയും കാമുകനെയും കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനില്‍ ജനിച്ച കുഞ്ഞിനെയാണ് യുവതി മറ്റൊരാള്‍ക്ക് കൈമാറിയത്. ആലുവ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് ശേഷം കുഞ്ഞിനെ കൈമാറിയത്.
കുഞ്ഞിനെ യുവതി അപായപ്പെടുത്തുമെന്ന് സംശയം തോന്നിയ സുഹൃത്താണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഉപദേശിച്ചത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിനാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്.
അമ്മയെ ഒന്നാം പ്രതിയായും കാമുകന്‍ ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ജുവനല്‍ ജസ്റ്റിസ് നിയമപ്രകാരവും ബിഎന്‍എസ് നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.