DEEPIKA EDITORIAL| ‘കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിലാണെന്ന് അറിയാം’; പ്രതികരിച്ച് ദീപിക മുഖപ്രസംഗം

Jaihind News Bureau
Sunday, August 3, 2025

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അതൊക്കെ ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പള്ളികളില്‍ ഞായറാഴ്ച കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുരടര്‍ന്നുണ്ടായ അജണ്ടയും ഇടയലേഖനത്തിലൂടെ വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണ്. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടാവാത്തതാണ് പ്രശ്‌നം വഷളാക്കിയതെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാന്‍ നാടു നിരങ്ങുന്ന ജ്യോതിശര്‍മമാരെ പോലുള്ളവരും അവരുടെ കേരളത്തിലുള്‍പ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പാലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാര്‍ക്കും കൂടെയുള്ളവര്‍ക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശര്‍മയെന്ന സ്ത്രീക്കെതിരേ ഒരു കേസുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാര്‍ 52 തടവുകാര്‍ക്കൊപ്പം ജയിലില്‍ കിടന്നു.

ജ്യോതി ശര്‍മയുടേതു രാജ്യദ്രോഹമല്ലെങ്കില്‍ രാജ്യദ്രോഹത്തിന്റെ അര്‍ഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവര്‍ പറഞ്ഞുതരണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. പാാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍നിന്ന് നേരിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.