CPIM| സിപിഐ മന്ത്രിമാര്‍ക്ക് ‘പിണറായി പേടി’, ബിനോയ് വിശ്വം ദുര്‍ബലന്‍; പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലും വിമര്‍ശനം ശക്തം

Jaihind News Bureau
Saturday, August 2, 2025

സിപിഐയുടെ ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ നാല് മന്ത്രിമാര്‍ പരാജമാണെന്നാണ് സമ്മേളനത്തിലെ വിലയിരുത്തല്‍. മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ കാണുമ്പോള്‍ പേടിയാണെന്നും ആക്ഷേപം ഉയരുന്നു. ഏറ്റാവും ഒടുവില്‍ സിപിഐയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് നടന്ന ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികളുടെ രോക്ഷ പ്രകടനം നടന്നത്്. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം വളരെ ദുര്‍ബലനായ സെക്രട്ടറിയാണെന്നും നിലപടുകളില്‍ വ്യക്തത ഇല്ലാത്ത വ്യക്തിയാണെന്നും വിമര്‍ശനമുണ്ട്.

മുഖ്യമന്ത്രിയുടെ പി ആറിനു വേണ്ടി നവകേരള സദസ്സിനെ ഉപയോഗിക്കുകയും പാര്‍ട്ടിയിലെ ചിലര്‍ സ്തുതിപാഠകരായി ആയി മാറിയെന്നും പല കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് ഏകാധിപധിയെ പോലെയാണ് പെരുമാറുന്നത്. ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ജി ആര്‍ അനിലിന്റെ മാവേലി സ്റ്റോറുകള്‍ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരില്‍നിന്നുള്ള പ്രതിനിധി സമ്മേളനത്തില്‍ പരിഹസിച്ചു. മാവേലി സ്റ്റോറുകളില്‍ പാറ്റകള്‍പോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റില്‍നിന്നുള്ള പ്രതിനിധി പരിഹാസ രൂപേണ ചര്‍ച്ചയില്‍ പറഞ്ഞു. പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി അതിനെ പരിഹസിച്ച് പറഞ്ഞത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനമുണ്ടാക്കിയെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

ഇതിനു മുന്‍പ് ഇടുക്കി ജില്ലാ സമ്മളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു കേട്ടിരുന്നു. സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ വ്യക്തിഗത നേട്ടങ്ങളായി എടുത്തു കാട്ടാന്‍ സിപിഎം സംഘടിതശ്രമം നടത്തുന്നുവെന്നാണ് ഇടുക്കി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന വിമര്‍ശനം. സമാനമായി സിപിഐ സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പതിവാണ്.

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയും ഇടുക്കിയിലെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ ഭരിക്കുന്ന വകുപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. ധനമന്ത്രിയുടെ ഈ പിശുക്ക് സിപിഐയുടെ വകുപ്പകളോട് മാത്രമാണ് ഉള്ളതെന്നും സിപിഎമ്മിന്റെ വകുപ്പുകള്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രിക്കു മടിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ബ്രുവറികള്‍ അനുവദിക്കുന്നത് പോലെ മദ്യ ഉല്‍പാദനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്തായാലും പാര്‍്ടടിക്കുള്ളിലെ ചേരിതിരിവാണ് ഇതിലൂടെ പുറത്തു വരുന്നത്. പാര്‍ട്ടി സമ്മേളനങ്ങളിലടക്കം നേതാക്കള്‍ക്കിടയിലെ അമര്‍ഷവും പോരുമാണ് പുറത്തു വരുന്നത്.