ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒമ്പത് ദിവസമായി നിരപരാധികള്‍ ജയിലിലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നും ചൂണ്ടിക്കാട്ടി.
മതവിദ്വേഷം പ്രചരിപ്പിക്കുന്ന തെറ്റായ പ്രവണത നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഇതിന് കൂട്ടുനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും മതത്തിന്റെ പേരില്‍ ഒരു സമൂഹത്തെയും ആക്രമിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമനടപടിക്ക് യുഡിഎഫ് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. കേരളത്തിന്റെ മതേതര മനസ്സ് ഇക്കാര്യത്തില്‍ ഒരുമിച്ച് നിന്നു. അതിനിടയിലേക്കാണ് ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുമായി ബിജെപി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.