കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളില്‍ താമസിക്കുന്ന ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബി(43)യാണ് മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ പശുവും ചത്ത നിലയിലായിരുന്നു.
വീടിന് 50 മീറ്റര്‍ മാത്രം അകലെയുള്ള വനാതിര്‍ത്തിയിലേക്ക് പശുവിനെ മേയ്ക്കാന്‍ പോയതായിരുന്നു ബോബി. ഉച്ചയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, വൈകുന്നേരം 4:30-ന് സ്‌കൂളില്‍നിന്ന് മക്കള്‍ തിരികെയെത്തിയപ്പോള്‍ അമ്മ വീട്ടില്‍ ഇല്ലെന്ന് മനസിലായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.