ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് ഇന്ന് തലസ്ഥാനത്ത് നടക്കും. ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് രംഗത്തെ പ്രമുഖരും മുന്‍ വി.സിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ച നേരിടുന്ന കാലഘട്ടത്തില്‍ ഗൗരവതരമായ ചര്‍ച്ചയാണ് സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പലായനവും കേരളത്തിലെ പല കോഴ്സുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകും. കാലം മാറുന്നതിന് അനുസരിച്ച് അക്കാദമിക് രംഗത്തെ കരിക്കുലം മാറ്റണമെന്ന ആവശ്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം മുന്‍കൈ എടുത്ത് ഗൗരവതരമായി ജനങ്ങളെ ബാധിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും ഇത്തരം കോണ്‍ക്ലേവ് നടത്തുന്നത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും യുഡിഎഫ് ഘടകകക്ഷി നേതാക്കളും നേതൃത്വം നല്‍കും.