NUNS ARREST| കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; എതിര്‍പ്പുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

Jaihind News Bureau
Saturday, August 2, 2025

ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുഡിഎഫ് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് ഇതിന് വിപരീതമായിരുന്നു.

കഴിഞ്ഞ ജൂലൈ 26-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുകയാണെന്നും കടത്തുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞുവെച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയാക്കിയും നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ വൈകാനും ഹര്‍ജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കുന്നതിലേക്ക് നീണ്ടുപോകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.