VD SATHEESAN| കേരളത്തിലെ ബി.ജെ.പി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യം; നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തെ പിന്തുണയ്ക്കും – വി.ഡി സതീശന്‍

Jaihind News Bureau
Friday, August 1, 2025

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എന്‍.ഐ.എ കേടതിയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി എം.പിമാര്‍ക്കും സഭാ നേതൃത്വത്തിനും നല്‍കി ഉറപ്പിന് വിരുദ്ധമായാണ് ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ ബജ്‌റംഗ്ദളിനെ പ്രതിനിധീകരിച്ച് ഹാജരായ പത്തിലധികം അഭിഭാഷകര്‍ കോടതിലെത്തി. അതും സംഘ്പരിവാര്‍ തിരക്കഥയുടെ ഭാഗമായാണെന്നു വേണം കരുതാന്‍. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനു പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസ് നിയമ വിരുദ്ധമായി എന്‍.ഐ.എയ്ക്ക് കൈമാറിയതിനു പിന്നിലും ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

അറസ്റ്റ് തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിലെ ബി.ജെ.പി നേതൃത്വം പറഞ്ഞതിനു പിന്നാലെയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. രാജ്യത്ത് ഉടനീളെ ക്രൈസ്തവ വേട്ട തുടരുമ്പോഴും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിലെ ബി.ജെ.പി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് മതത്തിന്റെ പേരില്‍ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.