തേവലക്കര സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് നടപടി. തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്. ബിജുവിനെ സസ്പെന്‍ഡ് ചെയ്തതായി കെഎസ്ഇബി അറിയിച്ചു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
9 വര്‍ഷമായി മാറ്റാതെ കിടന്ന വൈദ്യുതി ലൈനും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയാണെന്ന് നിലവിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്ലാസ് മുറിയോട് ചേര്‍ന്ന തകര ഷെഡിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ കയറിയ മിഥുന്, മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ദാരുണാന്ത്യം സംഭവിച്ചത്.
വെദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി ഇന്ന് ഉച്ചയ്ക്ക് മിഥുന്റെ വീട് സന്ദര്‍ശിക്കാന്‍ ഇരിക്കവേയാണ് മുഖം രക്ഷിക്കാനുള്ള നടപടി കെഎസ്ഇബി കൈക്കൊണ്ടത്. വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതിവകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇത് സംബന്ധിച്ച വൈദ്യുതി വകുപ്പിന്റെ അന്വേഷണത്തിലും വീഴ്ച കണ്ടെത്തിയിരുന്നു. വീഴ്ച കണ്ടെത്തിയിട്ടും നടപടി എടുക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ നാമമാത്രമായ നടപടിയല്ല ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.