MALEGAON BLAST| തെളിവുകളുടെ അഭാവം: മാലേഗാവ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു; 17 വര്‍ഷത്തിന് ശേഷം വിധി

Jaihind News Bureau
Thursday, July 31, 2025

 

2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. 17 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷമാണ് ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള മാലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഈ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ പ്രാരംഭ അന്വേഷണം നടത്തിയത് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞാ സിങ്ങിനെ കേസില്‍ പ്രതിയാക്കാന്‍ എടിഎസിനെ നയിച്ചത്.

മുസ്ലിങ്ങളോട് പ്രതികാരം ചെയ്യാനും ഹിന്ദു രാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട ‘അഭിനവ് ഭാരത്’ എന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നു. കേസില്‍ ആകെ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര കല്‍സങ്കര അടക്കം രണ്ടുപേര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളാണ്. പിന്നീട് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു.

വര്‍ഷങ്ങളോളം നീണ്ട നിയമനടപടികളും വിചാരണകളും, വിവിധ ഘട്ടങ്ങളിലെ വാദപ്രതിവാദങ്ങളും, സാക്ഷി വിസ്താരങ്ങളും കൊണ്ട് കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രതികളെ കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കാന്‍ കോടതി തീരുമാനിച്ചത്.