NUNS ARREST| ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി; കേസ് എന്‍ഐഎ കോടതിയിലേക്ക്

Jaihind News Bureau
Wednesday, July 30, 2025

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.അതിനിടെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റ് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. ന്യൂനപക്ഷ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. സംഭവം ക്രൈസ്തവരുടെ മാത്രം വിഷയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കന്യാ സ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി യും വ്യക്തമാക്കി.