ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ കാലത്ത് പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒന്നോ രണ്ടോ രക്ഷിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വഹിക്കും. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസം അദ്ദേഹം ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ താരിഖ് ഹമീദ് കാര അറിയിച്ചു.
മേയ് 7-നും 10-നും ഇടയില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ പൂഞ്ചിലും രജൗരിയിലും നിരവധി സാധാരണക്കാര്‍ക്ക് ജീവന് നഷ്ടപ്പെടുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി പൂഞ്ച് സന്ദര്‍ശിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ശന വേളയിലാണ്, രക്ഷിതാക്കളെ നഷ്ടപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് കുടുംബത്തിന്റെ അത്താണിയെ നഷ്ടമായവരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
പൂഞ്ചിലെ ക്രൈസ്റ്റ് പബ്ലിക് സ്കൂളും രാഹുല്‍ ഗാന്ധി തന്റെ മേയിലെ സന്ദര്‍ശനത്തിനിടെ സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളായ ഉര്‍ബ ഫാത്തിമയുടെയും സെയ്ന് അലിയുടെയും സഹപാഠികളെ അദ്ദേഹം ആശ്വസിപ്പിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായം.
ഇതനുസരിച്ച് പാര്‍ട്ടി നടത്തിയ സര്‍വേയിലൂടെയും സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചുമാണ് 22 കുട്ടികളുടെ പട്ടിക തയ്യാറാക്കിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ കുട്ടികളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു ഈ ആഴ്ച തന്നെ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പാക് ഷെല്ലാക്രമണത്തിലും ഡ്രോണ്‍ ആക്രമണത്തിലുമായി ജമ്മു കശ്മീരില്‍ 28 പേര് കൊല്ലപ്പെട്ടതില്‍ 13 സാധാരണക്കാരും പൂഞ്ച് ജില്ലയില്‍ നിന്നുള്ളവരായിരുന്നു.