അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ കോര്‍പറേറ്റ് ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ലാസ് വെഗാസ് സ്വദേശിയായ ഷെയ്ന്‍ തമുറ (27) ആണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 6:30 ഓടെയാണ് പാര്‍ക്ക് അവന്യൂവിലെ 345-ാം നമ്പര്‍ കെട്ടിടത്തില്‍ വെടിവെപ്പ് നടന്നത്. ഈ കെട്ടിടത്തില്‍ പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്ക്സ്റ്റോണ്‍, എന്‍എഫ്എല്‍ ആസ്ഥാനം എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് അക്രമി റൈഫിളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ധരിച്ചാണ് കെട്ടിടത്തിലേക്ക് പ്രവേശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിന്റെ ലോബിയില്‍ വെടിവെപ്പ് ആരംഭിച്ച ഇയാള്‍, പിന്നീട് മുകളിലത്തെ നിലകളിലേക്കും വെടിയുതിര്‍ത്തു. 33-ാം നിലയില്‍ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
വെടിവയ്പ്പിനെ തുടര്‍ന്ന് ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. റോഡുകള്‍ അടച്ചിടാനും പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
‘സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, അക്രമിയെ കീഴ്‌പ്പെടുത്തി.’ എന്ന് ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.