NUNS ARRESTED | കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി-ആര്‍എസ്എസ് ഭരണകൂട ഭീകരതയെന്ന് രാഹുല്‍; കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്ന് കെ സി വേണുഗോപാല്‍; പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

Jaihind News Bureau
Monday, July 28, 2025

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

വിശ്വാസത്തിന്റെ പേരില്‍ രണ്ട് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഢില്‍ ജയിലിലടയ്ക്കപ്പെട്ടത് നീതിയല്ല, മറിച്ച് ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഈ ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ പീഡനത്തിന്റെ അപകടകരമായ മാതൃകയാണിത്. യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഒരു ഭരണഘടനാപരമായ അവകാശമാണ്. അവരുടെ അടിയന്തര മോചനവും ഈ അനീതിക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ശക്തമായ പ്രതിഷേധം നടത്തിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും അറിയിച്ചു. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അക്രമാസക്തരായ ആള്‍ക്കൂട്ടം അവരെ ലക്ഷ്യം വെക്കുകയായിരുന്നു.

‘ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് എല്ലാ ന്യൂനപക്ഷങ്ങളെയും കുറ്റവാളികളായി കാണുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്ന സഹപൗരന്മാരെ ഭീഷണിപ്പെടുത്താന്‍ തെമ്മാടികളെ അഴിച്ചുവിടുകയാണ്. ഛത്തീസ്ഗഢിലെ ബജ്റംഗ്ദള്‍ ഗുണ്ടകളും പോലീസും തമ്മിലുള്ള ഈ ഒത്തുകളി, മതന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം വ്യക്തമാക്കുന്നു. നിരപരാധികളായ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.