ന്യൂഡല്‍ഹി: ഒരാഴ്ചയോളം നീണ്ട തടസ്സങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കും. രാജ്യസുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ട പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍ എന്നീ വിഷയങ്ങളിലാണ് ലോകസഭയിലും രാജ്യസഭയിലും വിശദമായ ചര്‍ച്ചകള്‍ നടക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്സഭാ എംപിമാര്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ഇരു സഭകളിലും 16 മണിക്കൂര്‍ വീതം ചര്‍ച്ച നടത്താന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. സാധാരണയായി ഇത്തരം ചര്‍ച്ചകള്‍ അനുവദിച്ച സമയവും കടന്ന് നീളാറുണ്ട്. ഇരുപക്ഷത്തെയും പ്രമുഖ നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
അതിര്‍ത്തി സുരക്ഷയെക്കുറിച്ച് കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചു. പഹല്‍ഗാമിലെ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെങ്കില്‍ നമ്മുടെ അതിര്‍ത്തികള്‍ എങ്ങനെയാണ് സുരക്ഷിതമാകുന്നതെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദ് ചോദിച്ചു. അവര്‍ ഇവിടെയെത്തി, ആക്രമണം നടത്തി മടങ്ങിപ്പോയി. അവര്‍ വിമാനത്തില്‍ വന്നിറങ്ങിയതാണോ, എവിടെ നിന്ന് വന്നു, എവിടേക്ക് പോയി എന്നൊക്കെ അറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് എംപി സുഖ്ദേവ് ഭഗത് ആരോപിച്ചു. സര്‍ക്കാര്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
ആവര്‍ത്തിക്കുന്ന ഭീകരാക്രമണങ്ങളില്‍ ബിജെപിയെ ചോദ്യം ചെയ്ത് സമാജ്വാദി പാര്‍ട്ടി. ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ രണ്ട് വിഷയങ്ങള്‍ വേര്‍തിരിച്ച് കാണണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘ഓപ്പറേഷന് സിന്ദൂറിലെ ധീരതയ്ക്ക് സൈന്യത്തെ അഭിനന്ദിക്കുന്നു. അവസരം ലഭിച്ചിരുന്നെങ്കില്‍ അവര്‍ പാക്ക് അധീന കശ്മീര്‍ പോലും പിടിച്ചെടുത്തേനെ. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിന് മുന്‍പും മറ്റൊരു സംഭവം നടന്നിട്ടുണ്ട്, അതിനെക്കുറിച്ച് ജനങ്ങളെ അറിയിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ കാലത്ത് എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത്? പഹല്‍ഗാം ഭീകരര്‍ എവിടെപ്പോയി? ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കണം,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കക്ഷിരാഷ്ട്രീയം മാറ്റിവെക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി എക്സില്‍ കുറിച്ചു. ഭാവിയില്‍ ഒരു സ്ത്രീയുടെയും സിന്ദൂരം മായ്ക്കപ്പെടാതിരിക്കാനും ഒരു അമ്മയ്ക്കും മകനെ നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാമായണത്തിലെ ഉപമയുമായി ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ‘രാവണന് ലക്ഷ്മണരേഖ കടന്നപ്പോള്‍ ലങ്ക കത്തിനശിച്ചു. ഇന്ത്യ വരച്ച ചുവന്ന വര പാകിസ്ഥാന് കടന്നപ്പോള്‍ ഭീകരക്യാമ്പുകള്‍ കത്തിച്ചാമ്പലായി,’ എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം, ശശി തരൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയുന്നു.് ലോക്സഭയില്‍ നടക്കുന്ന ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍ പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്, എന്നാല്‍ തരൂര്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.