OPERATION SINDOOR| പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം: ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കം

Jaihind News Bureau
Sunday, July 27, 2025

ഒരാഴ്ചയോളം നീണ്ട ബഹളങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ഒടുവില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ചയ്ക്ക് വരും. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.

ഒരാഴ്ചയോളം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടതിന് ശേഷമാണ് ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ചയ്ക്ക് വരുന്നത്. ലോക്‌സഭയിലും രാജ്യസഭയിലുമായി 16 മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ചൊവ്വാഴ്ചയാണ് ചര്‍ച്ച നടക്കുക.

പഹല്‍ഗാം ഭീകരാക്രമണം, ‘ഓപ്പറേഷന്‍ സിന്ദൂര്‍’, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ വിശദാംശങ്ങളെക്കുറിച്ചും പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ചയിലൂടെ ഒരാഴ്ച നീണ്ട സഭാസ്തംഭനത്തിന് വിരാമമാകും എന്നാണ് വിലയിരുത്തല്‍.