സംസ്ഥാനത്തെ ജയിലുകളിലെ കൊലയാളികളെ തുറന്നു വിടുന്ന നയമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രിയപ്പെട്ട കൊലയാളികള്‍ക്കും കുറ്റവാളികള്‍ക്കും വി ഐ പി പരിഗണനയും, ഫൈവ് സ്റ്റാര്‍ സൗകര്യവുമാണ്. കുറ്റവാളികള്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് അവര്‍ക്ക് കൊടുക്കുന്നത്. ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ കാണണമെങ്കില്‍ ജയിലുകളില്‍ ചെല്ലണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചു വരുന്ന മയക്കുമരുന്ന്, വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച,ആശുപത്രികളില്‍ മരുന്നില്ല, വൈദ്യുതി ചാര്‍ജ് വര്‍ധന ഇതിന്റെയെല്ലാം ഇരകള്‍ സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളുടെ ബജറ്റ് ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ സ്ത്രീകള്‍ ഒരുമയോടെ മുന്നേറുന്ന യാത്രയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലെയും പര്യടനം പൂര്‍ത്തിയാകുന്നതോടെ മഹിള കോണ്‍ഗ്രസ് ഏറ്റവും വലിയ സ്ത്രീ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പുത്തന്‍വേലിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാട്ടുകര, പറവൂര്‍ ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി ജോസഫ് ആന്റണി, എം ടി ജയന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുനില സിബി, സംസ്ഥാന ഭാരവാഹികളായ വി.കെ. മിനി മോള്‍ , ജയലക്ഷ്മി ദത്തന്‍, എല്‍ അനിത, ജയ സോമന്‍, വിജയമ്മ ബാബു, സൈബ താജുദ്ദീന്‍,ഷീബാ രാമചന്ദ്രന്‍ രാജലക്ഷമി കുറുമാത്ത് പ്രേമ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.