TIGER ATTACK AT THIRUVANANTHAPURAM ZOO| തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

Jaihind News Bureau
Sunday, July 27, 2025

തിരുവനന്തപുരം മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഞായാറാഴ്ച രാവിലെയാണ് സംഭവം. മൃഗശാലാ സൂപ്പര്‍വൈസറായ രാമചന്ദ്രനെയാണ് (55) വയനാട്ടില്‍ നിന്ന് എത്തിച്ച ബബിത എന്ന പെണ്‍കടുവ ആക്രമിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. രാമചന്ദ്രനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്.

രാവിലെ പതിവുപോലെ കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് രാമചന്ദ്രന് നേരെ ആക്രമണമുണ്ടായത്. കടുവയ്ക്ക് വെള്ളം നല്‍കാനായി കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കൈയ്യിട്ടപ്പോള്‍ കടുവ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ രാമചന്ദ്രന്റെ തലയില്‍ നാല് സ്റ്റിച്ചുകളുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാമചന്ദ്രന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാമചന്ദ്രനെ ആക്രമിച്ച ബബിത എന്ന ആറു വയസ്സുകാരിയായ പെണ്‍കടുവയെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വയനാട്ടില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. വയനാട്ടിലെ ജനവാസ മേഖലകളില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ കടുവയെ വനംവകുപ്പ് പിടികൂടി മൃഗശാലയില്‍ എത്തിച്ചത്. മൃഗശാലയില്‍ എത്തിയതിന് ശേഷം കടുവയ്ക്ക് ചികിത്സ നല്‍കിയിരുന്നു.