BOEING JET CATCHES FIRE IN US| അമേരിക്കയില്‍ ബോയിംഗ് ജെറ്റ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

Jaihind News Bureau
Sunday, July 27, 2025

അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനൊരുങ്ങുകയായിരുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന് തീപിടിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 3023 മിയാമിയിലേക്ക് പുറപ്പെടാന്‍ റണ്‍വേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ലാന്‍ഡിംഗ് ഗിയറില്‍ സാങ്കേതിക തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്ന് പുകയും തീയും ഉയരുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും ആറ് ജീവനക്കാരെയും അടിയന്തരമായി എമര്‍ജന്‍സി സ്ലൈഡുകളിലൂടെ പുറത്തിറക്കി. പരിഭ്രാന്തരായ യാത്രക്കാര്‍ പുക നിറഞ്ഞ സാഹചര്യത്തിലൂടെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് സ്ലൈഡ് ചെയ്ത് റണ്‍വേയിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍, വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലെ ടയറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തീപിടിത്തത്തിന് കാരണമെന്ന് അറിയിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയെന്നും, വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി സര്‍വീസില്‍ നിന്ന് മാറ്റിയെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.

ഡെന്‍വര്‍ അഗ്‌നിരക്ഷാ വകുപ്പ് ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. അഞ്ച് പേരെ സംഭവസ്ഥലത്ത് വെച്ച് പരിശോധിച്ചെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്താവളത്തില്‍ ഏകദേശം ഒരു മണിക്കൂറോളം വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന് ഏകദേശം 90 ഓളം വിമാനങ്ങളെ ഇത് ബാധിച്ചു. പിന്നീട് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കി. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഡെന്‍വര്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം തീപിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്ലാസിലേക്കുള്ള മറ്റൊരു ബോയിംഗ് 737 വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചിരുന്നു. ഈ സംഭവം വിമാനയാത്രയുടെ സുരക്ഷയെക്കുറിച്ചും വിമാനങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.