കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത് സര്‍ക്കാരിന്റെ കുറ്റസമ്മതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മുന്‍ കേരള ഹൈക്കോടതി ജഡ്ജി റിട്ട.ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരെ അംഗങ്ങളാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ജയില്‍ വകുപ്പിന്റെ പരാജയം സമ്മതിക്കുന്നതാണ്. ഇത്തരത്തിലുള്ള സമിതികളുടെയും കമ്മീഷനുകളുടെയും അന്വേഷണ ചരിത്രം പരിശോധിച്ചാല്‍ മല എലിയെ പ്രസവിച്ചത് പോലെയാണ്. പരമാവധി റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ആ റിപ്പോര്‍ട്ട് നിയമസഭയില്‍ വേണമെങ്കില്‍ വെയ്ക്കാം, വെയ്ക്കാതെയിരിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരുന്നതല്ല പ്രവര്‍ത്തകരുടെ മനോവീര്യമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നല്‍കി.കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. മഹാത്മാ ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും ജീവന്‍ നല്‍കി മതേതരത്വം സംരക്ഷിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസവും ആ നിലയ്ക്കാണെന്നും മതേതരത്വവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എല്ലാക്കാലത്തും മുന്‍പന്തിയിലുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.