Govindachami Viyyor| കണ്ണൂര്‍ ജയിലിലെ സുരക്ഷ വെറും നോക്കുകുത്തി; മദ്യവും മയക്കുമരുന്നും സുലഭമെന്ന് മൊഴി; ഗോവിന്ദച്ചാമിയെ വിയ്യൂരിലേയ്ക്കു മാറ്റി

Jaihind News Bureau
Saturday, July 26, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. ഇതിനിടെ ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാശംങ്ങള്‍ പുറത്ത് വന്നു. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമായി ലഭിക്കുന്നുവെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ അതീവ കുത്തഴിഞ്ഞ സംവിധാനമാണ് കണ്ണൂര്‍ ജയിലില്‍ ഉള്ളതെന്ന ആരോപണം ശക്തമായി.

രാവിലെ 7.30 സായുധ സേനയുടെ സുരക്ഷയോടെയായിരുന്നു ഗോവിന്ദച്ചാമിയെ തൃശൂരിലേയ്ക്കു കൊണ്ടുപോയത്. ഉച്ചയ്ക്ക് 12.30ഓടെ തൃശൂരിലെത്തി. അതീവ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂര്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ പിടികൂടി . പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗോവിന്ദച്ചാമിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാശംങ്ങളാണ് പുറത്ത് വന്നത്.

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നല്‍കി. കഞ്ചാവും മദ്യവും സുലഭമായി ജയിലില്‍ ലഭിക്കുന്നുവെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. . ജയിലില്‍ തടവില്‍ ഉണ്ടായിരുന്ന നാലു പേര്‍ക്ക് ജയില്‍ച്ചാട്ടത്തെ കുറിച്ച് അറിയാമെന്നും ഗോവിന്ദച്ചാമിമൊഴി നല്‍കി. ജയില്‍ ചാടുന്നതിന് മുന്‍പ് പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപം തയ്യാറാക്കി സെല്ലിനകത്ത് വച്ചിരുന്നതായും ഗോവിന്ദച്ചാമി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗോവിന്ദച്ചാമിയുടെ മൊഴിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സിഐ സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴിയെടുത്തു.