ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജ്ഞാനസഭയില്‍ വിസിമാരെ വിലക്കാത്ത സര്‍ക്കാര്‍ നടപടി ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ പരോക്ഷമായി കൂട്ടുനില്‍ക്കുന്നതിന് തെളിവാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുക്കുന്നത് ലജ്ജാകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുമ്പോഴാണ് വിസിമാര്‍ക്ക് വിലക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു നിലപാടെടുക്കുന്നത്. മന്ത്രിയുടെ ഈ തീരുമാനം മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ്. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അനന്തര ഫലമാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനെ കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിട്ടും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതെന്നും ഹസന്‍ പറഞ്ഞു.
വിസിമാര്‍ ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ധാരണയുടെ പുറത്താണ്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും മന്ത്രി ബിന്ദുവിന്റെയും വിഭിന്ന സ്വരം ഒത്തുകളിയുടെ ഭാഗമാണ്.രാജ്ഭവനെ ആര്‍എസ്എസ് ശാഖകേന്ദ്രമാക്കി സര്‍വകലാശാലകളെ കാവിവത്കരിക്കുന്ന നീക്കങ്ങളാണ് ഗവര്‍ണ്ണര്‍ നടത്തുന്നത്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വരണം.
ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം സര്‍ക്കാരും സിപിഎമ്മും മയപ്പെടുത്തിയതിന് പിന്നില്‍ വ്യക്തമായ അന്തര്‍ധാരയുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്ന ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയതും ഇതേ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ പുറത്താണെന്നും വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സിപിഎമ്മും ആര്‍എസ്എസും രാഷ്ട്രീയ ഐക്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും ഹസന്‍ ആരോപിച്ചു.