VD SATHEESAN| ‘കേരളത്തെ ഇത്രമാത്രം തകര്‍ത്തു തരിപ്പണമാക്കിയ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല; വര്‍ഗീയതയുമായി സന്ധി ചെയ്യുകയാണ് സര്‍ക്കാര്‍’- വി.ഡി സതീശന്‍

Jaihind News Bureau
Saturday, July 26, 2025

കേരളത്തെ ഇത്രമാത്രം തകര്‍ത്തു തരിപ്പണമാക്കിയ ഒരു ഭരണകൂടം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വിഷയത്തിലും ഒരു ഡേറ്റയും ഇല്ലാത്ത സംസ്ഥാനമാണ് കേരളമന്നും ലോകം മുഴുവന്‍ മാറുമ്പോള്‍ കാലാനുസ്രത മാറ്റം ഉള്‍ക്കൊള്ളാന്‍ കേരളത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ഇനി എന്ത് ചെയ്യുമെന്ന് കൃത്യമായി ജനങ്ങളോട് പറഞ്ഞു കൊണ്ടുള്ള പോരാട്ടമാണ് നടത്തുക. ഇനി വിവിധ പാര്‍ട്ടികള്‍ ഇല്ല. ടീം യുഡിഎഫ് മാത്രമാണുള്ളത്. ഒറ്റ പാര്‍ട്ടിയെപ്പോലെ യുഡിഎഫ് മുന്നോട്ടുപോകുമെന്നും നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ ഏറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സിഎംപിയുടെ നാല്‍പതാം ജന്മദിന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളെയും സര്‍വ്വകലാശാലയെയും ബലിയാടാക്കി സര്‍ക്കാര്‍-ഗവര്‍ണര്‍ അധികാര പോര് നടത്തുന്നു. ഗതികെട്ടൊരു സംസ്ഥാനമായി കേരളത്തെ സര്‍്ക്കാര്‍ മാറ്റിയിരിക്കുന്നു. കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയില്‍ ജീവനക്കാരെ മര്‍ദിച്ചും പൂട്ടിയിട്ടുമാണ് സമരം ചെയ്തത്. ഒരു സുപ്രഭാതത്തില്‍ സമരം അവസാനിപ്പിച്ചു. എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ സമരം അവസാനിക്കുന്നത്? ശേഷം ഇരുട്ടിന്റെ മറവില്‍ ചര്‍ച്ചകള്‍ നടത്തുന്നു. വര്‍ഗീയതയുമായി സന്ധി ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇരകളായി മാറുന്നത് സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും. ഇവിടെ പഠിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. എവിടെ ബോര്‍ഡ് വെക്കണം, ഹാള്‍ ആര്‍ക്ക് വാടകയ്ക്ക് കൊടുക്കണം എന്ന നിസാര ചര്‍ച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.