INDIA EXTENDS BAN ON PAK AIRLINES| പാക് വിമാനങ്ങള്‍ക്കുള്ള വ്യോമവിലക്ക് നീട്ടി ഇന്ത്യ; ഓഗസ്റ്റ് 23 വരെ നിയന്ത്രണം

Jaihind News Bureau
Wednesday, July 23, 2025

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. ഓഗസ്റ്റ് 23 വരെയാണ് നീട്ടിയത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ പ്രഖ്യാപനം.

അതേസമയം ഇന്ന് മുതല്‍ 25 വരെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസത്തിനായി നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ബാര്‍മര്‍ മുതല്‍ ജോധ്പൂര്‍ വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ വ്യോമസേന സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങുന്നത്. ഒരു പ്രത്യേക വ്യോമാതിര്‍ത്തിയില്‍ സിവിലിയന്‍ വ്യോമ ഗതാഗതം ഒഴിവാക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് നോട്ടാം പുറപ്പെടുവിക്കുന്നത്. വാണിജ്യ വിമാനങ്ങളെ സൈനിക പ്രവര്‍ത്തന മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിലൂടെ സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഏപ്രിലിലാണ് ഇരു രാജ്യങ്ങളും വ്യോമാതിര്‍ത്തി നിരോധനം ആദ്യമായി ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 30 ന് ഇന്ത്യ പാകിസ്ഥാന്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിന്ന് വിലക്കിയിരുന്നു. നയതന്ത്ര, സുരക്ഷാ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇരുപക്ഷവും പിന്നീട് നിയന്ത്രണങ്ങള്‍ പലതവണ നീട്ടി.