RAMESH CHENNITHALA| വിഎസിന് ഹരിപ്പാടിന്റെ അന്ത്യാഭിവാദ്യം; വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 23, 2025

ഹരിപ്പാട് വിഎസിനെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഹരിപ്പാടിലൂടെ വി എസ് കടന്നുപോകുമ്പോള്‍ താനിവിടെ ഉണ്ടാവേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്ന നേതാവാണ് വി എസ്. ഞങ്ങള്‍ വ്യത്യസ്ത രംഗത്താണെങ്കില്‍പ്പോലും വ്യക്തിപരമായ അടുപ്പമുണ്ട്. പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഒരു മനസ്സ് വിഎസ്സിന് ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയ്ക്ക് കാണുമ്പോഴെല്ലാം പഴയ കാര്യങ്ങള്‍, പുന്നപ്ര വയലാര്‍ സമരകഥകളൊക്കെ പറയുമായിരുന്നു. എപ്പോഴും പോരാട്ടവീര്യം നിറഞ്ഞ വ്യക്തിത്വമാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി എപ്പോഴും ഇടപെട്ടു നിന്ന നേതാവാണ്. ആലപ്പുഴയുടെ കാര്യത്തില്‍ വി എസിന് വലിയ വികാരമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമേഖല മാറുന്നത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. നമുക്കെല്ലാം വളരെ അടുപ്പമുള്ള നേതാവാണ് വി എസ് അച്യുതാനന്ദന്‍. എപ്പോഴും തന്നോട് വലിയ സ്നേഹവും താല്‍പ്പര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്ര വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടായിരിക്കേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു.

ഇന്നലെ രാവിലെ ഒന്‍പത് മണി മുതലാണ് ദര്‍ബാര്‍ ഹാളില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി വിലാപയാത്ര പുറപ്പെട്ടു. വിലാപയാത്ര ഇപ്പോള്‍ 19 മണിക്കൂര്‍ പിന്നിട്ടാണ് ആലപ്പുഴയിലേയ്ക്ക് എത്തിയത്.