BRITISH FIGHTER JET| കേരളത്തോട് വിട; ബ്രിട്ടീഷ് നാവികസേനയുടെ എഫ്- 35 യുദ്ധവിമാനം മടങ്ങി; തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത് 38 ദിവസങ്ങള്‍ക്ക് ശേഷം

Jaihind News Bureau
Tuesday, July 22, 2025

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 മടങ്ങി. തകരാറുകള്‍ പരിഹരിച്ചതോടെയാണ് 38 ദിവസമായി തിരുവനന്തപുരത്ത് കുടുങ്ങി കിടന്ന വിമാനം തിരികെ പറന്നത്. കഴിഞ്ഞ ജൂണ്‍ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവര്‍ യൂണിറ്റിലെ പ്രശ്‌നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്സിന്റെ ഭാഗമായ എയര്‍ ബസ് 400 എന്ന വിമാനത്തിലായിരുന്നു സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് എഫ് 35ന്റെ തകരാര്‍ പൂര്‍ണമായി പരിഹരിച്ച് വിമാനം തിരികെ വിമാനവാഹിനിക്കപ്പലിലേക്ക് മടങ്ങിയത്.

അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകള്‍ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണില്‍ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.