ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിനുമപ്പുറമുള്ള കാരണങ്ങള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12:30 ന് വിളിച്ച ആദ്യ ബിഎസി യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും കിരണ്‍ റിജിജുവും മനഃപൂര്‍വ്വം പങ്കെടുത്തില്ല. എന്നാല്‍ ഇരു മന്ത്രിമാരും യോഗത്തില്‍ നിന്ന് മനപ്പൂര്‍വ്വം വിട്ടു നിന്നതാണെന്നും ജയ്റാ ംരമേശ് എക്സില്‍ കുറിച്ചു.
ജഗ്ദീപ് ധന്‍കറിന്റെ രാജി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതും ആണെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. ധന്‍കര്‍ തന്റെ ആരോഗ്യത്തിന് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലിതെന്നും വ്യക്തമാക്കി.
‘ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ ഒരു യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരുന്നതാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ധന്‍കറിന്റെ മനസ്സ് മാറ്റാന്‍ പ്രധാനമന്ത്രി പ്രേരിപ്പിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ താല്‍പ്പര്യത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് കര്‍ഷക സമൂഹത്തിന് വലിയ ആശ്വാസം ലഭിക്കും,’ ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭാ നടപടികള്‍ നിയന്ത്രിച്ച ശേഷമാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. അഭിമാനത്തോടെയാണ് തന്റെ പടിയിറക്കമെന്നും രാജ്യം കൈവരിച്ച പുരോഗതിയില്‍ അഭിമാനമുണ്ടെന്നും ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. ഭാരതത്തിന്റെ ഭാവിയില്‍ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.