അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികളോടും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖം രേഖപ്പെടുത്തുന്നു.
ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ – പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ – തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ അനുശോചനം.