V S Achuthanandan : കേരളത്തിന് നഷ്ടമായത് പൊതുരംഗത്തെ ശക്തമായ സാന്നിധ്യമെന്ന് സണ്ണി ജോസഫ് : വിട പറഞ്ഞത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനെന്ന് രമേശ് ചെന്നിത്തല : വ്യത്യസ്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി എസ് എന്ന് എംഎം ഹസന്‍

Jaihind News Bureau
Monday, July 21, 2025

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.

മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവര്‍ത്തകനായി വളര്‍ന്നുവന്ന് നിരവധി സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

വി എസിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തലയുടെ അനുശോചനം

കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. എന്റെ ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. ഞാന്‍ കെഎസ് യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.

ഞാന്‍ പാര്‍ലമെന്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെയും അശ്രുപൂജ.

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എംഎം ഹസന്‍ അനുശോചിച്ചു

സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അനുശോചിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് വിഎസ് . അദ്ദേഹത്തിന്റെ വിയോഗം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമാണ്. താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറും വരെയായ വിഎസ് അച്യുതാനന്ദന്‍ വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു