തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയില്‍ നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിപുലമായ പൊതുദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആദ്യം പൊതുദര്‍ശനത്തിനായി പഴയ എ.കെ.ജി സെന്ററില്‍ എത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാം. തുടര്‍ന്ന്, തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ഹില്ലിലുള്ള മകന്റെ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും.
നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ സെക്രട്ടേറിയറ്റിന് സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ പൊതുദര്‍ശനം നടക്കും. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കും ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.
ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വി.എസ്സിന്റെ രാഷ്ട്രീയ തട്ടകമായിരുന്ന ആലപ്പുഴയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണുന്നതിനുള്ള അവസരമൊരുക്കാനാണിത്. വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ പോലീസ് സുരക്ഷ ശക്തമാക്കും. തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. സംസ്കാര ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.