V S Achuthanandan | വി.എസ് അച്യുതാനന്ദന്‍; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് ; അരങ്ങൊഴിഞ്ഞത് സ്ഥാപകനേതാക്കളിലെ അവസാന അമരക്കാരന്‍

Jaihind News Bureau
Monday, July 21, 2025

പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളുകളായി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരുന്നു വി എസ് അച്യുതാനന്ദന്‍. ഉയര്‍ന്ന രക്ത മ്മര്‍ദ്ദത്തിനു പുറമേ ഹൃദയഘാതം കൂടി അനുഭവപ്പെട്ടതോടെയാണ് വി എസ്സിനെ പട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭാര്യ വസുമതിയും മകന്‍ വി എ അരുണ്‍കുമാറും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ സഹോദരിയുടെ പരിചരണത്തിലാണ് അദ്ദേഹം വളര്‍ന്ന് രാഷ്ട്രീയ വടവൃക്ഷമായി മാറുന്നത്.

101 വയസ്സ് പിന്നിടുമ്പോഴാണ് കേരളത്തിന്റെ രാഷ്ട്രീയ നേതാവ്  വിടവാങ്ങുന്നത്. രാഷ്ട്രീയ തിരശ്ശീലയിലെ തന്നെ ഒരു യുഗത്തിനാണ് ഇതോടെ വിരാമമാകുന്നതെന്ന് കൃത്യമായി വിശേഷിപ്പിക്കാം. പ്രായാധിക്യത്തെ തുടര്‍ന്ന് 2021 ന് ശേഷം പാര്‍ട്ടി പരിപാടികളിലും പൊതു പരിപാടികളിലും വിഎസ് സജീവമായിരുന്നില്ല. ബാര്‍ട്ടന്‍ ഹില്ലിലുള്ള മകന്റെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

സിപിഎമ്മില്‍ ജീവിച്ചിരിക്കുന്ന ഏകസ്ഥാപക നേതാവിന്റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ്. . ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ പദവി ഒഴിഞ്ഞിരുന്നു