ആലപ്പുഴ: കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്ക് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളിലേക്ക് എത്തിയ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് പിന്നില്‍ പരിക്കേറ്റ മാതൃഭൂമി ന്യൂസ് ക്യാമറാമാനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണത്. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍, അപകടം നടന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ നടന്നിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുമ്പോഴും, ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അപകടത്തിനുശേഷം അധികൃതര്‍ ധൃതിപ്പെട്ട് ബെഞ്ചുകളും ഡെസ്‌കുകളും മാറ്റുകയായിരുന്നുവെന്നും നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നു.
കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തും. അതേസമയം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറ്റാന്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കെട്ടിടത്തില്‍ ഇലക്ട്രിക് ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. പുതിയ കെട്ടിടം ഉണ്ടായിട്ടും പഴയതില്‍ ക്ലാസുകള്‍ തുടര്‍ന്നതാണ് പ്രതിഷേധത്തിന് കാരണമായത്. പഴയ കെട്ടിടം പൊളിച്ചുനീക്കേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചു.