മുംബൈ നഗരത്തെ പിടിച്ചു കുലുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ ശിക്ഷിക്കപ്പെട്ട 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇതില്‍ വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് പ്രതികളും ഉള്‍പ്പെടുന്നു. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് വിധി വരുന്നത്.
സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ശക്തമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.
‘പ്രതിഭാഗം തിരിച്ചറിയല്‍ പരേഡിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പല സാക്ഷികളും വര്‍ഷങ്ങളോളം നിശബ്ദരായിരിക്കുകയും പിന്നീട് പെട്ടെന്ന് പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇത് അസ്വാഭാവികമാണ്,’ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മറ്റ് കേസുകളില്ലെങ്കില്‍ ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2006 ജൂലൈ 11-നാണ് മുംബൈയില്‍ പശ്ചിമ റെയില്‍വേ ശൃംഖലയിലെ വിവിധ സ്ഥലങ്ങളില്‍ ലോക്കല്‍ ട്രെയിനുകളില്‍ സ്ഫോടനം ഉണ്ടായത്. ഏഴിടത്തായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 180-ലധികം പേര്‍ കൊല്ലപ്പെടുകയും 800-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ട 12 പേരില്‍ ഒരാളായ കമല്‍ അന്‍സാരി 2021-ല്‍ നാഗ്പൂര്‍ ജയിലില്‍ വെച്ച് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു. ശേഷിക്കുന്ന 11 പേരെയാണ് 19 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കോടതി വെറുതെ വിടുന്നത്.