TRUMP| വ്യാപാര യുദ്ധം തുടര്‍ന്ന് ട്രംപ്; ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ക്ക് പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ

Jaihind News Bureau
Monday, July 21, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തിരികൊടുത്ത വ്യാപാരയുദ്ധത്തിന്റെ ചൂടും പുകയും അടങ്ങുന്നില്ല. ബ്ലാക്ക്‌മെയില്‍ ചെയ്തും ഭീഷണി മുഴക്കിയും വരുതിയിലാക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ ചില രാജ്യങ്ങള്‍ ചെറുത്തുനില്‍ക്കുമ്പോള്‍ ചിലര്‍ക്ക് കീഴടങ്ങലിന്റെ ഭാഷയാണ്. വിവിധ രാജ്യങ്ങളുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. ആഗസ്റ്റ് ഒന്ന് മുതല്‍ പുതുക്കിയ തീരുവ നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും 23 രാജ്യങ്ങള്‍ക്കും ഈ മാസം ആദ്യം ട്രംപ് കത്തയച്ചു.

ആഫ്രിക്കയിലെയും കരീബിയയിലെയും ചെറിയ രാജ്യങ്ങള്‍ക്കും ഉള്‍പ്പെടെ 10 ശതമാനത്തിനുമേല്‍ തീരുവ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി ട്രംപ് പറഞ്ഞു. നൂറോളം രാജ്യങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. പരമാവധി സമ്മര്‍ദം ചെലുത്തി അവസാനം കുറച്ചൊക്കെ വിട്ടുവീഴ്ച വരുത്തിയെന്ന് ബോധിപ്പിക്കുന്ന ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ അമേരിക്കക്ക് കിട്ടുന്നതെല്ലാം ലാഭമായിരിക്കും. ഇന്തോനേഷ്യയുമായി കരാര്‍ നിലവില്‍വന്നതനുസരിച്ച് ഇന്തോനേഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ് 19 ശതമാനം തീരുവ ചുമത്തും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്തോനേഷ്യയില്‍ തീരുവയൊന്നും ഉണ്ടാവില്ല. 35 ശതമാനം ചുമത്തുമെന്ന് ഭീഷണി മുഴക്കി 19 ആയി ‘കുറച്ചുകൊടുത്ത്’ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള തീരുവ പൂര്‍ണമായി ഇല്ലാതാക്കാന്‍ ട്രംപിന് കഴിഞ്ഞു. എന്നാല്‍, ചില രാജ്യങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങുന്നില്ല.

യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ കമീഷന്‍സ് പ്രസിഡന്റ് ഉര്‍സുല വോന്‍ഡെര്‍ ലെയെന്‍ പറഞ്ഞു. തങ്ങള്‍ക്കും ചില പദ്ധതികളുണ്ടെന്ന് മെക്‌സികോ മുന്നറിയിപ്പ് നല്‍കി. അധിക തീരുവയും സമ്മര്‍ദങ്ങളും നേരിടാന്‍ രാജ്യം ഒരുക്കമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മറുപടി നല്‍കി. ജപ്പാനും ചൈനയും സമ്മര്‍ദത്തിന് വഴങ്ങാതെ ഉറച്ചുനില്‍ക്കുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷവും ഇന്ത്യ -അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പാദക, ഉപഭോഗ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ജനസംഖ്യയില്‍ വലിയൊരു വിഭാഗം ക്ഷീര കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. എട്ട് കോടിയിലേറെ പേര്‍ ക്ഷീരമേഖലയില്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. അമേരിക്കയില്‍നിന്നുള്ള പാല്‍ക്കട്ടിക്ക് 30 ശതമാനം, വെണ്ണക്ക് 40 ശതമാനം, പാല്‍പ്പൊടിക്ക് 60 ശതമാനം എന്നിങ്ങനെ കനത്ത തീരുവ ചുമത്തിയാണ് ഇറക്കുമതി ഭീഷണിയില്‍ നിന്ന് ഇന്ത്യ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നത്.