ദുരുഹ സാഹചര്യത്തില്‍ ഷാര്‍ജയില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ കേസില്‍ അതീവനിര്‍ണായകമാണ്. ഇതോടെ ഷാര്‍ജയിലും നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ് അതുല്യയുടെ ബന്ധുക്കള്‍. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്. ദുബൈയിലെ കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.