പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ആദായനികുതി ഭേദഗതി ബില്ലുകളടക്കം സഭയിലെത്തും. പഹല്‍ഗാം, വോട്ടര്‍ പട്ടിക വിവാദം അടക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യാ സഖ്യത്തിലെ 24 പാര്‍ട്ടികളാണ് പങ്കെടുത്തത്. രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. യോഗത്തില്‍ 8 പ്രധാന വിഷയങ്ങളാണ് ഉയര്‍ന്നുവന്നത്. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളും, ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ സംഭവിച്ചതായി പറയപ്പെടുന്ന വീഴ്ചകളെയും നഷ്ടങ്ങളെയും കുറിച്ചും സര്‍ക്കാരില്‍ നിന്ന് പ്രതിപക്ഷം വിശദീകരണം തേടും. കൂടാതെ, അഹമ്മദാബാദ് വിമാനാപകടം പോലുള്ള മറ്റ് പല പ്രധാന വിഷയങ്ങളിലും ചര്‍ച്ച നടക്കുകയും അതില്‍ സര്‍ക്കാരില്‍ നിന്ന് മറുപടി തേടുകയും ചെയ്യും.
ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടായ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന ആവശ്യവും ഉന്നയിക്കും. ശേഷം ഓഗസ്റ്റില്‍ ഇന്ത്യ സഖ്യം നേരിട്ട് യോഗം ചേരും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിച്ച് ഓഗസ്റ്റ് 21 വരെ തുടരും. മുമ്പത്തേക്കാള്‍ ഒരാഴ്ച കൂടുതലാണ് ഇത്തവണത്തെ സമ്മേളനം. കൂടുതല്‍ ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.