കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളിലെ സുരക്ഷയില്ലാത്ത വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്‍ എന്ന പതിമൂന്നുകാരന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണുവാനായി സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിച്ചു. വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും
രണ്ടുദിവസം മുന്‍പ് വരെ ഒപ്പം ചിരിച്ചും കളിച്ചും നടന്ന പ്രിയ കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികള്‍ക്ക് കണ്ണീരടക്കാനായില്ല. ഫുട്‌ബോള്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് മിഠായി വിതരണം ചെയ്ത മിഥുന്റെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെച്ചു. പ്രായത്തില്‍ കവിഞ്ഞ പക്വതയും സഹായമനസ്സുമുള്ള കുട്ടിയായിരുന്നു മിഥുനെന്ന് അധ്യാപകരും നാട്ടുകാരും ഒരുപോലെ പറയുന്നു. കൊച്ചുമകന്റെ മൃതദേഹം കണ്ട് മിഥുന്റെ മുത്തശ്ശി മണിയമ്മയും ക്ലാസ് ടീച്ചറും കുഴഞ്ഞുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് രാവിലെ 11 മണിയോടെ സ്‌കൂളിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനത്തിന് വെച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
എന്‍സിസി കേഡറ്റുകളുടെ യാത്രാമൊഴി
പട്ടാളക്കാരനാകാന്‍ കൊതിച്ച മിഥുന്‍, സ്‌കൂളിലെ എന്‍സിസി കേഡറ്റാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനായി യൂണിഫോം വരെ തയ്ക്കാന്‍ നല്‍കിയിരുന്നു. ആ യൂണിഫോമണിഞ്ഞ് പരേഡ് നടത്തേണ്ടിയിരുന്ന സ്‌കൂള്‍ മുറ്റത്തേക്ക് നിത്യമായ ഉറക്കത്തിലാണ് മിഥുന്‍ കടന്നു വന്നത്. എന്‍സിസി കേഡറ്റുകള്‍ റോഡ് മാര്‍ച്ചായാണ് മിഥുന്റെ മൃതദേഹത്തെ അനുഗമിച്ചത്.