RAHUL GANDHI MARIYAMA OOMMEN| കുഞ്ഞുഞ്ഞിന്റെ സ്‌നേഹ സമ്മാനം; രാഹുല്‍ ഗാന്ധിക്ക് കൗതുകമായി മറിയാമ്മ ഉമ്മന്റെ വാച്ച്

Jaihind News Bureau
Saturday, July 19, 2025

 

പുതുപ്പള്ളിയില്‍ വെള്ളിയാഴ്ച ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് കൗതുകമായി മറിയാമ്മ ഉമ്മന്റെ വാച്ച്. വാച്ചിന്റെ ഡയലില്‍ തെളിമയോടെ രാജീവ് ഗാന്ധിയുടെ ചിത്രം. മറിയാമ്മയുടെ കൈത്തണ്ടയിലെ വാച്ച് അടുത്ത് ചേര്‍ത്ത് നോക്കുമ്പോള്‍ രാഹുലിന്റെ കണ്ണ് സന്തോഷംകൊണ്ട് നിറഞ്ഞു. എവിടെ നിന്ന് വാച്ച് കിട്ടിയെന്ന ചോദ്യത്തിന് മറിയാമ്മക്ക് പറയുവാന്‍ ഒരു കഥയുണ്ടായിരുന്നു. ആഘോഷവേദികളില്‍നിന്ന് കിട്ടുന്ന സമ്മാനങ്ങളോ ഷാളുകളോ ഒന്നും വീട്ടിലേക്ക് കൊണ്ടുവരുന്ന ശീലം ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരുരാത്രി വീട്ടില്‍ എത്തിയ ഉമ്മന്‍ ചാണ്ടി മറിയാമ്മക്ക് ഒരു സ്‌നേഹ സമ്മാനം നല്‍കി. ഒരിക്കലും നശിപ്പിക്കാതെ ഭാര്യ അത് സൂക്ഷിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

വലിയ വിലയോ ബ്രാന്റഡോ അല്ലാത്ത ഒരു വാച്ച്. വെള്ള ഡയലില്‍ രാജീവ് ഗാന്ധിയുടെ ചിത്രമുണ്ട്്. ഒപ്പം ഐഎന്‍ടിയുസി എന്നും എഴുതിയിട്ടുണ്ട്.35 വര്‍ഷം മുന്‍പ് ആ വാച്ച് മറ്റാര്‍ക്കും നല്‍കാതെ തന്റെ ഹൃദയത്തോട് ചേര്‍ന്നവള്‍ക്ക് സമ്മാനിച്ചതുകൊണ്ടാവാം അത് ഇന്നും ആ കുടംബത്തില്‍ ഉണ്ട്. ഇന്നും മറിയാമ്മയുടെ കൈയില്‍ ആ വാച്ച് ഓടുന്നുണ്ട്. തെളിമ മങ്ങാതെ രാജീവ്ഗാന്ധിയുടെ ചിത്രവും.