കോഴിക്കോട് പന്തീരാങ്കാവ് മുതുവന തറയില്‍ മൂന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശ വാസികള്‍ കനത്ത ജാഗ്രതയില്‍. ഇന്നലെയാണ് പൂക്കോട്ട് വെറ്റിനറി സര്‍വകലാശാലയിലെ പരിശോധനയില്‍ തെരുവുനായക്ക് പേവിഷബാധ കണ്ടെത്തിയത്.കോഴിക്കോട് പന്തീരങ്കാവ് സ്വദേഷികളായ രാധ, ചന്ദ്രന്‍, രമണി എന്നിവര്‍ക്കാണ്,തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. നെറ്റിയിലും,തലക്കും, കഴുത്തിനും, കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റമൂന്നു പേരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച് അയച്ചു.അതിനിടയിലാണ് ഇവരെ കടിച്ചതെരുവുനായക്ക് പേവിഷബാധ ഉണ്ടെന്ന വിവരം സ്ഥിരീകരിച്ചത്.
നിലവില്‍ തെരുവുനായയുടെ ആക്രമണം നടന്ന സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. കൂടാതെ നായ കടിച്ചവരുമായി അടുത്ത ഇടപഴകിയവരെ കണ്ടെത്തി വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള
പ്രാഥമിക ചികില്‍സക്കു വിധേയമാക്കി്. മുതുവനതറയില്‍ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് മുഴുവന്‍ തെരുവ് നായകളെയും വാക്‌സിനേഷന്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. അതേസമയം നായയുടെ ആക്രമത്തില്‍ സാരമായി പരിക്കേറ്റ ഒരാളെ വീണ്ടും തുടര്‍ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റൊരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.