KOLLAM| മിഥുന് വിട നല്‍കാന്‍ നാട് ; മകനെ അവസാനമായി കാണാന്‍ അമ്മ ഇന്ന് നാട്ടിലെത്തും, സംസ്‌കാരം ഇന്ന്

Jaihind News Bureau
Saturday, July 19, 2025

കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്. മിഥുന്റെ അമ്മ സുജ രാവിലെ 9 മണിയോടെ കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്ചയ്‌ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനധ്യാപിക സുജയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കെഎസ്ഇബി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറി. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. മാനേജ്മന്റ് പ്രധാനധ്യാപികയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്നതാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്‌കൂളിന് കുറുകൈയുള്ള വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.