K MURALEEDHARAN| തേവലക്കര ദുരന്തം: വൈദ്യുതി വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും വീഴ്ച പറ്റി; ചിഞ്ചുറാണിയെ മാറ്റി നിര്‍ത്തണമെന്ന് കെ മുരളീധരന്‍

Jaihind News Bureau
Friday, July 18, 2025

തേവലക്കര ദുരന്തത്തില്‍ വൈദ്യുതി വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും വീഴ്ച പറ്റിയെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍. മരിച്ച കുഞ്ഞിനെ അപമാനിച്ച് പ്രസ്താവന നടത്തിയ മന്ത്രി ചിഞ്ചു റാണിയെ മന്ത്രി പദത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുഞ്ഞിനെ അവഗണിക്കുകയും അത് മറന്ന് ഡാന്‍സും കളിക്കുകയും ചെയ്ത മന്ത്രിയെ ക്യാബിനറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ സിപിഐ തയ്യാറാകണമെന്നും അദ്ദേഹം കെ പി സി സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ത്ഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കൊച്ചിയിലെ സിപിഐ വനിത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അതില്‍ അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.

അതേസമയം തേവലക്കരയില്‍ അപകടത്തില്‍ പെട്ട വിദ്യാര്‍ഥിയെ പഴിചാരിയ അതേ വേദിയില്‍ ചിഞ്ചുറാണി സൂംബ ഡാന്‍സ് കളിച്ചതും വിവാദമായിരുന്നു. കൊല്ലത്തു നിന്നുള്ള മന്ത്രിയാണ് ചിഞ്ചുറാണി. കുട്ടിയുടെ മരിണത്തില്‍ തീവ്രവേദന അനുഭവിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കേണ്ട മന്ത്രിയുടെ പ്രവര്‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.