എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ട്രാക്ടര്‍യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജിത്കുമാറിനൊപ്പം 2 പേര്‍സണല്‍ സ്റ്റാഫും ട്രാക്കടറില്‍ യാത്ര ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. അതേസമയം, ട്രാക്ടറില്‍ ശബരിമലയിലേക്കു യാത്ര ചെയ്തതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി.
കാലുവേദനയായതിനാലാണ് ട്രാക്ടറില്‍ കയറിയതെന്ന വിചിത്രവാദമാണ് ശബരിമലയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള അജിത്കുമാര്‍ ഉന്നയിക്കുന്നത്. നിയമം അറിയാവുന്ന ഉയര്‍ന്ന ഉദ്യഗസ്ഥന്‍ തന്നെ നിയമലംഘനം നടത്തിയിരിക്കുന്നു എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ തൊഴുന്നതിനായി രാത്രി സന്നിധാനത്തേക്ക് കടന്നു പോകുന്ന ദൃശ്യവും തിരിച്ച് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് തിരിച്ചു പോകുന്ന ദൃശ്യവുമാണ് പോലീസിന്റെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും എ ഡി ജി പി എം ആര്‍ അജിത്കുമാറിന് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. എ ഡി ജി പി മനപ്പൂര്‍വ്വം ചെയ്തതാണെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പത്തനംതിട്ട എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .വകതിരിവ് എന്നൊരു വാക്കുണ്ടന്നും ട്യൂഷന്‍ ക്ലാസ്സില്‍ പോയാല്‍ പഠിക്കാനാവില്ലന്നും മന്ത്രി കെ രാജന്‍ അജിത്കുമാറിനെ വിമര്‍ശിച്ചിരുന്നു.