ഉമ്മന്‍ ചാണ്ടി വഴികാട്ടിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി എന്നത് വ്യക്തിയല്ല കേരള രാഷ്ട്രീയത്തിന്റെ ആചാര്യരാണെന്നും ഉമ്മന്‍ ചാണ്ടിയെ പോലെ ഒരുപാട് ആളുകളെ വളര്‍ത്തി കൊണ്ട് വരണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ട മനുഷ്യന്റെ വികാരങ്ങള്‍ മനസിലാക്കുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഗുരു എന്നത് വഴി കാട്ടുന്ന ആളാകണം. ഉമ്മന്‍ ചാണ്ടി എന്റെ ഗുരുവാണ്. ഉമ്മന്‍ ചാണ്ടി വഴികാട്ടി തന്നത് അദ്ദേഹത്തിന്റെ പ്രവൃത്തി കളിലൂടെയാണ് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് വരുന്ന ധാരാളം ചെറുപ്പക്കാര്‍ ഉണ്ടാകണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അനാരോഗ്യം ഉള്ളപ്പോഴും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി നടക്കാന്‍ തയ്യാറായി. ഡോക്ടര്‍മാര്‍ പോലും യാത്രയില്‍ അണി നിരക്കുന്നതിനെ എതിര്‍ത്തിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ശുതി തരംഗം പോലെ ഉള്ള പദ്ധതി ഉമ്മന്‍ ചാണ്ടി നടത്തിയത് വോട്ട് കിട്ടാന്‍ അല്ല. അദ്ദേഹം അത് നടത്തിയത് കുട്ടികള്‍ക്കു വേണ്ടിയാണ്. കേരളത്തില്‍ ഒരു കുഞ്ഞും കേള്‍വി ശക്തിയില്ലാതെ ഇരിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. ആര്‍എസ്എസ്- സിപിഎം പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്നു. പ്രസംഗങ്ങളിലൂടെ ആണ് അവരെ എതിര്‍ക്കുന്നത്. ആര്‍എസ്എസ്, സിപിഎം ജനങ്ങളുടെ വികാരങ്ങള്‍ അറിയാന്‍ കഴിയാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണെന്നും ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ളവരെ വളര്‍ത്തികൊണ്ടു വരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താനൊരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചിട്ടുണ്ട് ഉമ്മന്‍ ചാണ്ടി എന്നും തനിക്കൊരു ഒരു വഴികാട്ടിയായിരുന്നു. ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പലപ്പോഴും മറ്റുള്ളവരില്‍ നിന്നും കടുത്ത ക്രിമിനല്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും, ആരോടും ഒരു വിദ്വേഷവും പുലര്‍ത്തിയിരുന്നില്ലെന്ന് രാഹുല്‍ ഓര്‍ത്തെടുത്തു.