K C VENUGOPAL M P| ‘ഇന്നും യാത്ര പറഞ്ഞിട്ടില്ല, ആ ഓര്‍മകളും പകര്‍ന്നുനല്‍കിയ കരുത്തും കാണിച്ചുതന്ന വഴികളും കൂട്ടിനുണ്ട്’: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളുമായി കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Friday, July 18, 2025

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ‘ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കേള്‍ക്കുന്ന ഉമ്മന്‍ ചാണ്ടീ എന്ന നീട്ടിവിളികള്‍ക്ക് മറുപടിയായെത്തുന്ന നിറഞ്ഞ ചിരിയുണ്ടായിരുന്നു, മലയാളികള്‍ക്ക് പതിറ്റാണ്ടുകളോളം. ആ വിളികള്‍ക്ക് പിന്നില്‍ കുഞ്ഞുങ്ങള്‍ മുതല്‍ സമപ്രായക്കാരും വയോവൃദ്ധരുമടങ്ങുന്ന വലിയൊരു ജനസഞ്ചയമുണ്ടായിരുന്നു. ആ ജനക്കൂട്ടത്തെ ശ്വസിച്ച് ജീവിച്ച രാഷ്ട്രീയ നേതാവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഇന്നൊരാണ്ട് കൂടി പിന്നിടുകയാണ്’- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ സി വേണുഗോപാല്‍ എം പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കേള്‍ക്കുന്ന ഉമ്മന്‍ ചാണ്ടീ എന്ന നീട്ടിവിളികള്‍ക്ക് മറുപടിയായെത്തുന്ന നിറഞ്ഞ ചിരിയുണ്ടായിരുന്നു, മലയാളികള്‍ക്ക് പതിറ്റാണ്ടുകളോളം. ആ വിളികള്‍ക്ക് പിന്നില്‍ കുഞ്ഞുങ്ങള്‍ മുതല്‍ സമപ്രായക്കാരും വയോവൃദ്ധരുമടങ്ങുന്ന വലിയൊരു ജനസഞ്ചയമുണ്ടായിരുന്നു. ആ ജനക്കൂട്ടത്തെ ശ്വസിച്ച് ജീവിച്ച രാഷ്ട്രീയ നേതാവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഇന്നൊരാണ്ട് കൂടി പിന്നിടുകയാണ്.

മുഖ്യമന്ത്രിയായിരിക്കേ, നടക്കാവ് നടക്കാവ് ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാന്‍ എത്തിയ ഉമ്മന്‍ ചാണ്ടി കേട്ട അത്തരമൊരു വിളിയാണ് ഓര്‍മയിലുള്ളത്. വേദിയിലേക്ക് നടക്കവേ പിന്നില്‍ നിന്ന് കേട്ട വിളിയില്‍ തിരികെനടന്ന് രണ്ടാം ക്ലാസുകാരിയായ ശിവാനിയുടെ അടുത്തെത്തി ചെവിയോര്‍ത്ത് നിന്നു, കേരളത്തിന്റെ മുഖ്യമന്ത്രി. സഹപാഠിയായ അമല്‍ കൃഷ്ണയുടെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ചായിരുന്നു ശിവാനിക്ക് പറയാനുണ്ടായിരുന്നത്. അമലിനൊരു വീടിനായി മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചുകൊണ്ടായിരുന്നു ആ കേള്‍വിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പക്ഷേ, സര്‍ക്കാര്‍ മാറിയതോടെ ആ പണം ലഭിക്കാതെ വന്നു. ഇതോടെ, സ്വന്തം നിലയില്‍ മൂന്നുലക്ഷം രൂപ സ്വരൂപിച്ച് ഉമ്മന്‍ ചാണ്ടി നല്‍കി. ആ പണം കൊണ്ട് നാലര മാസത്തിനുള്ളില്‍ ഒരു വീട് അമലിനായി ഒരുങ്ങുകയായിരുന്നു.
ശിവാനിയുടെ, അമലിന്റെ ഉമ്മന്‍ ചാണ്ടി ഇങ്ങനെയായിരുന്നു. ഓരോ തവണ കാണുമ്പോഴും ഓരോ ജീവിതങ്ങളെ കരുപ്പിടിപ്പിക്കാന്‍ ശുപാര്‍ശക്കത്തുകള്‍ തയ്യാറാക്കുന്ന, സര്‍ക്കാര്‍ ഉത്തരവുകളില്‍ ഒപ്പുവെയ്ക്കുന്ന ഉമ്മന്‍ ചാണ്ടി. ഏഴുവയസ്സുകാരിയുടെ നിഷ്‌കളങ്കമായ ആഗ്രഹം മുതല്‍ കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും വരെ നീളുന്നതാണ് ഉമ്മന്‍ ചാണ്ടിയെന്ന കരുതലിന്റെ, വികസനത്തിന്റെ മുദ്ര.
ഒരു ജനസമ്പര്‍ക്കത്തില്‍ നിന്നെടുത്ത ഇടവേളയിലാണദ്ദേഹമെന്ന് വിശ്വസിക്കാനാണ് എപ്പോഴുമിഷ്ടം. ഇന്നും യാത്ര പറഞ്ഞിട്ടില്ല. ആ ഓര്‍മകളും പകര്‍ന്നുനല്‍കിയ കരുത്തും കാണിച്ചുതന്ന വഴികളും കൂട്ടിനുണ്ട്, അവസാനം വരെയും.