CPM|സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കുടിയൊഴിപ്പിക്കല്‍ ഭീഷണി; ഒരു കുടുംബം താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയില്‍

Jaihind News Bureau
Friday, July 18, 2025

ഒരു കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ക്രൂരത. അമ്മയും പെണ്‍മക്കളും കൈകുഞ്ഞുമുള്‍പ്പെടുന്ന കുടുംബത്തെയാണ് സിപിഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. ഇവരെ പുറത്താക്കിയ ശേഷം വീട് പൂട്ടി കൊടി കുത്തി.

ആലപ്പുഴ ആദിക്കാട്ട് കുളങ്ങര സ്വദേശി അര്‍ഷാദ്, ഭാര്യ റജൂല, രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെയാണ് വീട്ടില്‍ നിന്നിറക്കി വിട്ടത്. ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റതാണ് കാരണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി പറഞ്ഞു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നല്‍കി.

രാത്രി വീട്ടില്‍ കഴിയാനാകില്ലെന്നും സിപിഎം ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. പന്തളം സ്വദേശിനി ഷംല എന്ന ബന്ധുവാണ് ഇവര്‍ക്ക് താമസിക്കാന്‍ വീട് നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.