വയനാട് കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം. വൈത്തിരി പുതുശ്ശേരി വീട്ടില്‍ ഷയാസി (16)നാണ് സിനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. ഷിയാസിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷിയാസ് ആരോപിക്കുന്നത്.
നടുവിന് ചവിട്ടേറ്റുവെന്നും ഷിയാസ് പറയുന്നു. പിന്‍ കഴുത്തിലും കൈകാലുകള്‍ക്കും പരിക്കുണ്ട്. നാല് ദിവസം മുമ്പാണ് ഷിയാസ,് സയന്‍സ് ക്ലാസില്‍ പ്രവേശനം നേടിയത്. ആദ്യദിവസം താടിയും മീശയും വടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസില്‍ പോയത്. എന്നാല്‍ അവര്‍ മീശ വടിക്കാത്തത് ചോദ്യംചെയ്ത് ഭീഷണിപ്പെടുത്തി. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടാന്‍ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും ഷിയാസ് പറയുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാതാവ് സഫീല വ്യക്തമാക്കി.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥി സിദ്ധാര്‍ഥ് മരിക്കാന്‍ ഇടയായ സംഭവം കേരള മനസാക്ഷി ഇനിയും മറന്നിട്ടില്ല. ഇതിനിടയിലാണ് പുതിയ അധ്യായന വര്‍ഷത്തിലും കേരളത്തിലുടനീളം ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്.