ഷാര്‍ജയില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം കേരളത്തില്‍ എത്തിയ്ക്കും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാന്‍ അനുവദിക്കരുതെന്നും നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാനുള്ള പിതാവിന്റെ ശ്രമം കോണ്‍സുലേറ്റ് ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാല്‍ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമായി.
വിപഞ്ചികയുടെയും ഒന്നര വയസുള്ള മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയില്‍ നിന്ന് സഹോദരന് വിനോദും യുഎഇയിലെത്തിയത്. നേരത്തെ, മാതാവ് ഷൈലജ നല്കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ്, ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
ജുലൈ എട്ടിനാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര് മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനേയും മകള്‍ വൈഭവിയേയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ട്.